ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അറ്റത്തായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിൻറെ വടക്ക് അതിർത്തിയായ ചാലക്കുടി പുഴ പഞ്ചായത്തിന്റേയും ജില്ലയുടേയും അതിർത്തിയാണ്. മലകളും കുന്നുകളും താഴ്വാരങ്ങളും സമതല പ്രദേശങ്ങളും നിറഞ്ഞ മലയോര നാട്. പഞ്ചായത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഹരിത സമൃദ്ധിയും പ്രശാന്തതയും കളിയാടുന്ന ജൈവസമ്പന്നമായ, വൈവിധ്യപൂർണ്ണമായ നിബിഡവനങ്ങളാൽ സമ്പന്നമാണ്. അതിവേഗം കുതിച്ചു വളരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമുഴി അണക്കെട്ടും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും ചാലക്കുടിയാറും ഈ പഞ്ചായത്തിൻറെ തിലകക്കുറിയായി നില കൊള്ളുന്നു. കേരളത്തിലെ പൊതുമേഖല തോട്ട വ്യവസായങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പ്ലാൻറേഷൻ കോർപറേഷന്റെ കാലടി ഗ്രൂപ്പ് തോട്ടങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 4000 ഹെക്ടർ വിസ്തൃതിയിലായി സ്ഥിതി ചെയ്യുന്ന ഈ തോട്ടങ്ങളിൽ പ്രധാനമായി റബ്ബറും എണ്ണപ്പനയുമാണ് കൃഷി. 1200 ലേറെ ആളുകൾക്ക് ഇവിടെ നേരിട്ട് ജോലി ലഭിക്കുന്നു. മലയോരമായതുകൊണ്ട് തന്നെ ഈ പഞ്ചായത്തിൻറെ ഭൂവിസ്തൃതി വളരെ കൂടുതലാണ്. പഞ്ചായത്തിന്റെ വിസ്തീർണ്ണം ലഭ്യമായ രേഖകൾ പ്രകാരം 231 ച. കി. മീറ്റർ എന്ന് കണക്കാക്കുന്നു. ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളുടെ ഗണത്തിൽപെടും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യ വളരെ കുറവ്.

1980 ൽ പഞ്ചായത്ത് രൂപീകൃതമാകുന്നത് വരെ ഈ ഭൂപ്രദേശം മുഴുവൻ മഞ്ഞപ്ര പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഈ പഞ്ചായത്തിൽ ജനവാസം ആരംഭിച്ചത് തന്നെ സ്വാതന്ത്യ ലബ്ധിക്ക് ശേഷമാണ്. 1950 കളോടനുബന്ധിച്ച് അമലാപുരം, മൂന്നര ഏക്കർ ചുള്ളി, പോട്ട ഇടുക്കി കോളനി എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട നിലയിൽ ഏതാനും കുടുംബങ്ങൾ കുടിൽ കെട്ടി ജനവാസം ആരംഭിക്കുന്നത്. പിന്നീട് 1960 കളുടെ ആദ്യപാദത്തിൽ ഘോര വനാന്തരമായിരുന്നു. കിഴക്ക് വടക്കൻ പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് വനം വകുപ്പ് റബ്ബർ കൃഷി ആരംഭിച്ചതോടെ കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ജോലിക്കായി ആയിരക്കണക്കിനാളുകൾ ഇവിടെ എത്തുകയും താമസമാരംഭിക്കുകയും ചെയ്തു. പാണ്ടുപാറയിൽ ആശ്രമത്തിനുവേണ്ടി 128 ഏക്കർ ഭൂമി സർ സി. പി യുടെ കാലത്ത് അനുവദിച്ച സ്ഥലത്ത് കൃഷി ഉണ്ടായുരുന്നു. അയ്യമ്പുഴ പ്രദേശത്ത് 300 ഏക്കർ ഭൂമി വനം വകുപ്പിൽ നിന്നും കൂട്ടുകൃഷിക്ക് വേണ്ടി പാട്ടത്തിന് എടുത്ത് കൃഷി നടത്തുകയും ഏതാനും കുടുംബങ്ങൾ അവിടെ താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് 1968 ൽ അന്നത്തെ എം എൽ എ യായിരുന്ന ഏ പി കുര്യന്റെ നേതൃത്വത്തിൽ അങ്കമാലി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 2000 ആളുകളെ സംഘടിപ്പിച്ച് വനമായിരുന്ന കൊല്ലക്കോട് , കട്ടിംഗ്, മഞ്ഞന, താണിക്കോട്, കണ്ണിമംഗലം, എരപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വനം വെട്ടിത്തെളിച്ച് കൃഷിയിറക്കി. പിന്നീട് കൈവശക്കാർക്ക് പട്ടയവും കിട്ടി. എന്നാൽ വിരലിലെണ്ണാവുന്നവർ ഒഴിച്ച് ബാക്കി എല്ലാവരും കൈവശഭൂമി വിറ്റ് ഇതിനോടകം പോയ്ക്കഴിഞ്ഞിരുന്നു. 1980 കൾക്ക് ശേഷം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നും കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ ഇവിടെ താമസമാക്കുകയും വ്യാപകമായി റബ്ബർ കൃഷി ആരംഭിക്കുകയും ചെയ്തു. ചുള്ളി, ചീനംചിറ തുടങ്ങിയ പാടശേഖരങ്ങൾ പല ജന്മിമാരുടേയും ഭൂമിയായിരുന്നു. പിന്നീട് മിച്ചഭൂമി നിയമം വന്നതോടെ അവർ ഒഴിഞ്ഞുപോയി. ഗതാഗതത്തിന് യാതൊരു സൌകര്യങ്ങളും അന്നുണ്ടായിരുന്നില്ല. അയ്യമ്പുഴ – മഞ്ഞപ്ര റോഡ് ഉണ്ടായത് തന്നെ 1971 ൽ മാത്രമാണ്. മഞ്ഞപ്രയിൽ നിന്നും കൃഷിക്ക് വേണ്ടി ചുള്ളിയിലേക്ക് വരാൻ വനത്തിലൂടെ കാൽ നടയായി വരാൻ ഉപയോഗിച്ചിരുന്ന അന്നത്തെ നടപ്പാതയാണ് ഇന്നത്തെ പി ഡബ്ല്യു ഡി റോഡ്. വനത്തിൽ നിന്നും മുറിച്ചെടുക്കുന്ന തടികൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കൂപ്പു റോഡാണ് ഇന്നത്തെ നടുവട്ടം കണിമംഗലം പി ഡബ്ല്യു ഡി റോഡ്.